Friday, December 21, 2012

ശിഖണ്ടി

 
നീ ഇരുന്നിടത്ത്  ശൂന്യതയുടെ മനുഷ്യ രൂപം
കാത്തിരുന്ന് വന്നു ചേര്‍ന്ന ആ ദിനത്തില്‍
ആഞ്ഞടി ച്ച ഭീഷ്മരെന്ന കൊടുംകാറ്റിനെ
നീ എന്തെ തടഞ്ഞില്ല ..?

 ................................................................................
നിന്റെ തിരസ്കാരത്തില്‍ തളര്‍ന്നു വീഴാന്‍
കാശി പുത്രിക്ക് മനസ്സില്ല ....
തപസ്സു ചെയ്തു ഞാന്‍ നേടിയത് കാരിരുമ്പിന്റെ ഒരു മനസ്സ്
.....................................................
 
ഒരുപാടു നിന്നെ സ്നേഹിച്ചതിന്
പകരം കിട്ടിയ കുത്ത് വാക്കുകള്‍ കൊണ്ട് ഞാന്‍
നീ ഒഴിഞ്ഞ ആ ശൂന്യത നിറയ്ക്കും ...
 
...............................................................................
 
നിന്നെ കാണാന്‍ ആഗ്രഹിച്ചു  വേദനിച്ച കണ്ണുകളില്‍
ഞാന്‍  വെറുപ്പിന്റെ കരിയെഴുതി ചുവപ്പിക്കും
നിന്റെ പേര് കേള്‍ക്കാന്‍ കൊതിയോടെ
കാത്തിരുന്ന കാതുകള്‍  ഞാന്‍ ഈയം ഉരുക്കി ഒഴിച്ച്  അടക്കും ...
 
...............................................................................................
 
നിന്റെ വാക്കുകളില്‍  അലിഞ്ഞു  ചേര്‍ന്ന് ഞാന്‍ ഇല്ലാതായ ദിനങ്ങള്‍
ഞാന്‍ നഘ മുനയില്‍ ഹൃദയരക്ത്തം ചാലിച്ചു  വെട്ടും
നീ ഉള്ളില്‍ തുടിച്ചാല്‍ ഈ ഹൃദയം ഞാന്‍
മുറിച്ചു കളയും ...................
 
..........................................................................
 
ഒന്നും ആഗ്രഹിക്കാതെ നിന്നെ സ്നേഹിച്ചത്തിനു
പകരം എനിക്ക് കിട്ടിയത് ...?
വെറുപ്പിന്റെ ഒരു കൂന വാക്കുകള്‍
 
 ..............................................................
നിന്നെ ഞാന്‍ ശപിക്കുന്നു !!!!!!!!!!!!!!!!!!!!!!!!
സ്നേഹം തേടി നീ അലഞ്ഞു തിരിയും !!!!!!!!!!
ശിഖണ്ടിയെ പോലെ .....ദാഹിച്ചലയുന്ന
നിനക്ക് പാനപാത്രത്തില്‍ നിറച്ചു കിട്ടുന്നത്
വെറുപ്പിന്റെ ഒരു കവിള്‍ ഉപ്പു വെള്ളം മാത്രം ........................
...................................................................
ഒരു തിരസ്കാരത്തിലും നീ എന്നെ  ഓര്‍ക്കും ...
ഒരു പെണ്ണിലും നീ എന്നെ കാണും ..
ഓരോ ഓര്മ ക്കും എന്റെ നിറമായിരിക്കും
നിന്റെ ഓരോ നിമിഷങ്ങളെയും  ഇന്ന് എന്റെ കണ്ണില്‍ നിന്നും
 വീണുപോയ മുത്തുമണികള്‍ പൊള്ളിക്കും
----------------------------------------------------------------
സാല്യ രാജ്യത്തിലെ ഓരോ പുല്ലിലും പൂവിലും 
നീ എന്റെ സ്നേഹം തേടും ....ഭ്രാന്തനെ പോലെ
അലയും !!! അമ്പ  ചരിത്രമാകുന്നത് നീ കാണും
നഷ്ട പ്രണയം തേടി നീ വരും ....
ഞാന്‍ കാത്തിരിക്കും ...............................
 

Sunday, November 25, 2012

ബാക്കിപത്രം



കരിമഷി എഴുതിയ കണ്ണിണകള്‍
നിന്റെ പേര് കേള്‍ക്കുമ്പോള്‍ പിടക്കാറുണ്ട്
നീ നോവായി ഉള്ളില്‍ പടരുമ്പോള്‍
നീറ്റലില്‍ മുഖം പൂഴ്ത്തി സ്വയം മറക്കാറുണ്ട്
കടമ്പുകള്‍ പൂക്കുന്ന നാളുകളില്‍ 
വഴിയരികില്‍ നിന്നെ തേടാറുണ്ട് ...
കാട്ടുമര കൊമ്പുകളില്‍ നീ ഉപേക്ഷിച്ച
ചേലയുടെ അഗ്രത്തില്‍
കാറ്റ് കൈ തുവര്‍ത്തുന്നത് നോക്കി
നെടു വീര്‍പ്പു തീര്‍ക്കാറുണ്ട്
മയില്‍ പീലി പൊഴിയുന്ന മഴയുടെ
ആദ്യ കാഹളത്തില്‍ മനസ്സ് നട്ട്
നിന്നെ ഓര്‍ത്തു തേങ്ങാറുണ്ട്
വനപര്‍വ്വം കഴിഞ്ഞു നീ വരുന്ന വഴി നോക്കി
ഘടികാര സൂചികള്‍ തിരിയുകയാണ്
നിമിഷങ്ങള്‍ ആടി തകര്‍ക്കുന്ന അവയുടെ
ഇടയില് പ്രണയത്തിന്റെ ചമത കരിയുന്ന ഗന്ധം

Sunday, November 4, 2012

അവള്‍




കുന്നിക്കുരുവിലെ കറുത്ത പുള്ളികള്‍
അവയുടെ കണ്ണുകളാണ് എന്ന് പറഞ്ഞു വിസ്വസിപ്പിച്ചതും
കാവിലെ നാഗത്തറയുടെ അടിയില്‍
നാഗ മാണിക്യം ഉണ്ടെന്നു പറഞ്ഞു തന്നതും
അമ്പലതറയിലെ ആലിന്റെ ഇലകള്‍ നിരത്താതെ ഇളകുന്നത്
ഗന്ധര്‍വ ശാപം കൊണ്ടാണ് എന്നും
നിലാവിന് കൈകള്‍ ഉണ്ടെന്നും അവ ഉറക്കത്തില്‍
തൊട്ടു വിളിക്കുമെന്നും എന്നെ വിശ്വസിപ്പിച്ചത്‌ അവളാണ്....

അവളുടെ വാക്ചതുര്യത്തിന്റെ നിറവിലാണ് 
എന്റെ ബാല്യം കടന്നു പോയത് .....

ഒരു വാടിയ പൂവ് പോലെ
മാലാഖ മാരുടെ ഇടയില്‍ കൂടി
ക്ഷീണം നിറഞ്ഞ നോട്ടത്തില്‍ എന്നെ അവള്‍
എന്നെ അകത്തേക്ക് ക്ഷണിച്ചപ്പോള്‍ ....
ഉള്ളില്‍ എന്തോ വീണുടഞ്ഞതു പോലെ ....??

ഒഴുകുന്ന വാക്കുകളില്‍ ഒളിച്ചു വെച്ച കുസൃതിക്കു
വേദന നല്കിയത് ആരാണ് ...?

അവളുടെ വാക്കുകളുടെ ധാരയില്‍ ഒരു  കാരമുള്ള് തറച്ചു വെച്ചത്
അവള്‍ മുട്ട് കുത്തുന്ന ദൈവത്തിന്റെ അറിവോടെയോ..?

അനുവാദം ഇല്ലാതെ അവളുടെ സന്തോഷത്തില്‍
കടന്നു കയറാന്‍ വിധിക്ക് അനുവാദം നല്കിയതു ആരാണ് ....?

നീതി ശാസ്ത്രങ്ങള്‍ക്ക് നിരക്കാത്ത നിയതിയുടെ
ഈ കളിയില്‍ അവളുടെ സ്വപ്നങ്ങള്‍ മണ്ണോടു ചേരുമ്പോള്‍
എനിക്ക് ബാക്കിയായി ഓര്‍മയുടെ ഒരുപിടി കുന്നിമണികള്‍ ....

Thursday, October 25, 2012

ഭ്രാന്തന്‍


 ചില്ലുകള്‍ ഇല്ലാത്ത കണ്ണടയിലൂടെ
...........നോട്ടപിശകില്‍ നഷ്‌ടമായ
 നാളെയെ തിരഞ്ഞു ....
കീറിപിഞ്ഞിയ ..തുണിയില്‍ മൂടി വെച്ച ....
നഗ്നതയില്‍ അരിക്കുന്ന കൂനനുറും പുകളെ
ഞെക്കി കൊന്നും ...ചുറ്റും പറന്നു മൂളുന്ന
ഈച്ച കളെ ആട്ടിയകറ്റാ ന്‍  വിഫല ശ്രമം നടത്തിയും
പതിവായി കൂനികൂടുന്ന കടത്തിണ്ണയുടെ ചുവരുകളില്‍
നഖമുന കൊണ്ട് അവ്യക്ത ചിത്രങ്ങള്‍ തീര്‍ത്തും
ആര്‍ക്കും വേണ്ടാത്ത വിഴുപ്പു ഭാണ്ഡം പോലെ... !!
ആരോ കോറിയിട്ട അവ്യക്ത രൂപം പോലെ ....!!

രാപകലുകള്‍ തള്ളി നീക്കുന്ന അയാളുടെ ദിനങ്ങളില്‍ ..
നീണ്ട നെടു വീര്‍പ്പുകളും,സഹതാപവും
പുശ്ച രസവും, നിറഞ്ഞ നോട്ടവും
നിറച്ച് ഒഴുകുന്ന തെരുവിന്റെ ........!
സ്ഥിരം കാഴ്ച്ചയില്‍ കുങ്കുമനിറം കലര്‍ത്തി ...
അയാള്‍ക്ക് ....മുക്തി നല്‍കിയത് ആരാകും ..?
അയാളുടെ ചിത്രങ്ങള്‍ അനശ്വരം ആക്കിയത്
ഏതു കൈകള്‍ ആകും  .....?

Thursday, September 27, 2012

ഞാന്‍ തനിച്ചായത്‌ പോലെ ...

 
 
 
ശവം   നാറി പൂക്കള്‍ വിരിയുന്ന
ഈ താഴ്‌വരയില്‍ ഞാന്‍ തനിച്ചായത്‌ പോലെ ...
 
...................................................................
കാറ്റിന്റെ കഴുത്തില്‍ തൂങ്ങി മറുപുറം തേടുന്ന അപ്പൂപ്പന്‍  താടിപോലെ
നീ പറന്നു നടക്കുമ്പോള്‍ ....
...................................................................
പേപിടിച്ച  ചിന്തകളില്‍  കടിച്ചു തൂങ്ങി 
ചീര്‍ത്തു വലുതാകുകയാണ്
നീ എനിക്ക് തന്ന  സ്നേഹത്തിന്റെ വിത്തുകള്‍
...................................................................
ഒരു ചിന്തയുടെ ചില്ല് പൊട്ടിയ കൂടിനു പുറകില്‍
വെക്കാന്‍  എനിക്ക് എന്തിനാണ്
വെഞ്ചിതലുകള്‍ തിന്നു തുടങ്ങിയ
ആ പഴയ ഓര്‍മ  പുസ്തകം ....?
............................................................................
പറയാതെ പോയതും അറിയാതെ പോയതുമായ 
അനേകം പരാതികളുടെ ചിത്രങ്ങള്‍ 
ആലേഖനം ചെയ്ത  ആ ചിത്രപെട്ടി
ഞാന്‍ ഇവിടെ ഉപേക്ഷിക്കുകയാണ് ....
..................................................................
ഇനിയും അറിയാന്‍..പറയാന്‍ ഒരു ജന്മം ഉണ്ടായാല്‍
നിനക്ക് തരാനായി ......

Tuesday, September 11, 2012

എപ്പോഴാണ്....?




നീ നടന്ന വഴികളില്‍ കാല്‍പ്പാദങ്ങള്‍ ചേര്‍ത്ത് വെച്ച്
ഞാന്‍ സീത കല്യാണത്തിന്റെ ആദ്യ ചുറ്റു പൂര്‍ത്തിയാക്കിയപ്പോള്‍
പൊഴിഞ്ഞ മഴയുടെ ആദ്യതുള്ളിക്ക് പനിനീരിന്റെ ഗന്ധം ....

പിന്നെ എന്നെ തൊട്ടു  വിളിച്ചതു... 
ഇലത്താളത്തിന്റെ സ്വരം ...
പറയാന്‍ പറ്റാതെ ഉള്ളില്‍ തങ്ങിയ  വാക്കുകള്‍ക്ക് പകരം
വെക്കാന്‍ അഷ്ടപദിയുടെ വരികള്‍ ....

കല്ദീപങ്ങള്‍ക്ക് പുറകില്‍ നിന്നും നിന്റെ കള്ള നോട്ടം
അതില്‍  വെണ്ണ പോലെ ഞാന്‍ അലിഞ്ഞില്ലാതെ ആയപ്പോള്‍
കാര്‍ മേഘ ചുരുളുകള്‍ക്ക്  പിന്നില്‍ നിന്നു നിലാവിന്റെ എത്തി നോട്ടം ...

നിന്നെ രാവിന്‍റെ പുതപ്പില്‍  തനിച്ചാക്കി
പടിയിറങ്ങിയ എന്നെ തടഞ്ഞത് നിന്റെ
അകില്‍  ഗന്ധമോ അതോ വേണു ഗാനമോ ...?
എപ്പോഴാണ് നീ എന്റെ കനവുകളില്‍ നിന്ന്
മുന്നില്‍ വരിക ....?

Friday, July 13, 2012

മറന്നു വെച്ചത് ...!!!




യാത്ര പറയുന്ന ഈ വേളയില്‍
മറന്നു വെച്ചത് .........?????

ഒരു കണ്ണീര്‍ കണം  ...
ഇലക്കീറില്‍ നീ എനിക്കായ് കരുതിയ പ്രസാദം
നിന്റെ നെഞ്ചിന്റെ കൂട്ടില്‍
ഞാന്‍ തീര്‍ത്ത കളിവീട് ...
നാം ഒന്നിച്ചു കണ്ട സന്ധ്യയുടെ ചുവപ്പ് ...
രാവിന്‍റെ പുതപ്പിനടിയില്‍ നിന്നും
കിന്നാരം പറഞ്ഞു ഒളിഞ്ഞു നോക്കുന്ന
കുടമുല്ലയുടെ ഗന്ധം ....
ഒരു രാക്കിളി പാട്ടിന്റെ ഈണം
ഇത്തിരി മധുരം ചാലിച്ച നിന്റെ
പുഞ്ചിരി ...
ഒരു  തബലയുടെ താളം
ഏതോ ഗാനത്തിന്റെ ഈരടികള്‍
ഒന്നിച്ചു നടന്ന വഴികള്‍
പാതയോരത്തിന്റെ സ്വകാര്യത

ഒരു ഉച്ചമയക്കത്തില്‍ ബാക്കിയായ  സ്വപ്നം .
മറന്നു വെച്ച തു നിന്റെ സ്നേഹം  

lekshmi Nair

Wednesday, June 27, 2012

പെയ്യുകയാണ് ...വാക്കുകള്‍



  വാക്കുകള്‍ ..എനിക്ക് ചുറ്റും ..

മഞ്ഞിന്റെ കുളിറാര്‍ന്നവ...
നിശഗന്ധിയുടെ സൌരഭ്യം നിറഞ്ഞവ..
ദേവരാഗങ്ങളുടെ അപൂര്‍വ ഭംഗി നിറച്ചവ..
വര്‍ണ്ണങ്ങള്‍ നിറഞ്ഞവ ...
തീയുടെ.. പുകയുടെ ഗന്ധം നിറഞ്ഞവ ...
എന്നിലെ എന്നെ ഇല്ലാതെ ആക്കാനും
വന്‍ വൃക്ഷമാക്കാനും കഴിവുള്ളവ ..
നിമിഷങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയും
നേരിനെ കൂട്ടിലടച്ചും ജീവിതത്തെ മുന്നോട്ടു
പിടിച്ചു വലിച്ചും വാക്കുകള്‍ ...

അര്‍ഥം ഇല്ലാത്തവ ..അര്‍ഥം കൂടിയവ
അര്‍ത്ഥങ്ങള്‍ക്ക്‌ അര്‍ഥം കല്പ്പിക്കത്തവ...
നിറങ്ങളില്‍ കുളിച്ചു നേരില്‍ നെറികേട്
നിറച്ചവ..

എന്നെ മകളും കാമുകിയും  ...
ഭാര്യയും അമ്മയും സുഹൃത്തും ആക്കി
തടവിലിട്ട വാക്കുകളുടെ ഇന്ദ്രജാലം ...
വേദനകള്‍ തന്നു സന്തോഷം തന്നു
എന്റെ ജീവിതത്തിന്റെ താളുകളില്‍...
എന്റെ ചിന്തകളില്‍ അവ പല രൂപങ്ങള്‍
തീര്‍ത്തു ഭാവങ്ങള്‍ പേറി ഒഴുകി നടക്കുകയാണ്

Saturday, June 16, 2012

എന്റെ മഴ ...



പാടം പലവുരി സ്വര്‍ണ നിറം ആര്ന്നിട്ടും
കണികൊന്നകള്‍ പൂത്തു കൊഴിഞ്ഞിട്ടും
വിഷു പക്ഷി പാട്ടു പാടാന്‍ മറന്നു തുടങ്ങിയിട്ടും
തുമ്പയും തെച്ചിയും കാലം തെറ്റി പൂത്തിട്ടും
പൂതുംപികള്‍ ചിറകറ്റു പുതു ജന്മം തേടിയിട്ടും
വിതുമ്പലായ് എന്റെ ഉള്ളില്‍ പെയ്യാതെ
നിന്ന എന്റെ മഴ ......!!!

നീ എന്തേ ..കര്‍ക്കിടകത്തിന്റെ
മനസ്സില്‍ നിന്ന് ഒളിച്ചു കടന്നു
എന്റെ നെഞ്ചില്‍ തണുപ്പിന്റെ
തുള്ളിചെര്‍ത്തു മഴക്കൈകള്‍ കൊണ്ട്
എന്റെ കണ്ണിന്റെ കോണില്‍
നനവ്‌ തീര്‍ത്തു പെയ്തൊഴിയാതെ ..എന്റെ
ജാലകവാതിലില്‍ കാത്തു നില്‍ക്കുന്നു ...?

നീ പെയ്തൊഴിയുക ..ഞാന്‍ പുതുമണ്ണിന്റെ
ഗന്ധത്തില്‍ അലിഞ്ഞു ഇല്ലാതെ ആകും വരെ ...
നീ പെയ്തുകൊണ്ടേ ഇരിക്കുക !!!

Thursday, May 31, 2012

യാത്ര !!

ഞാന്‍ ഇന്നലെ അവിടെ ആയിരുന്നു
നിന്റെ നാട്ടില്‍ ...
നിന്റെ കഥകളില്‍ കൂടി ഞാന്‍  കേട്ട
മുക്കുറ്റി പൂക്കുന്ന തൊടിയില്‍
നിന്റെ പേര് കോറിയിട്ട കമുക് മരങ്ങളുടെ ഇടയില്‍
നിന്റെ മുത്തശ്ശിയുടെ എണ്ണ മണം നിറഞ്ഞ മടിയില്‍ ..
നിന്റെ പെണ്ണിന്റെ കണ്ണിന്റെ കറുപ്പില്‍
ഞാന്‍ നിന്റെ ബാല്യകൌമാരങ്ങള്‍
തേടി ....അലയുകയായിരുന്നു    ...
 
എവിടെയാണ് നീ നിന്റെ സംഗീതം ഒളിപ്പിച്ചു വെച്ചത്
തൂക്കണം കുരുവികള്‍ കൂട് കെട്ടിയ 
തെങ്ങോലകള്‍ ക്കിടയിലാണോ  ..?
 
എവിടെയാണ് നീ നിന്റെ സ്നേഹം ഉപേക്ഷിച്ചത്
പച്ച വിരിച്ച പാടത്തിന്റെ പുതപ്പിനടിയിലോ ..?
ആമ്പലുകള്‍ വിരിയാന്‍ മടിക്കുന്ന അമ്പല ക്കുളത്തിന്റെ
നിസബ്ദതയിലോ..?   ...
 
നിന്റെ ഗ്രാമഹൃദയത്തിന്റെ
ഓരോ കോണിലും നിന്നെ തേടുകയാണ് ഞാന്‍
പിച്ചകം പൂക്കുന തെച്ചി ചുവക്കുന്ന
നിന്റെ ഗ്രാമവീഥികളില്‍ എന്റെ കണ്ണുകള്‍ 
നിന്റെ സാന്നിധ്യം അറിയുന്നുണ്ട് 
ഇവിടെ വീശുന്ന കാറ്റിനും ഇവിടെ വിരിയുന്ന 
ഓരോ കാട്ടു പൂവിനും  നിന്റെ ഗന്ധമാണ്
ഈ ഗ്രാമം എനിക്ക് നിന്റെ ആത്മാവിന്റെ
തോട്ടറിയല്‍ ആണ് ...
 

Friday, May 18, 2012

ശബ്ദം ....

ജനിമൃതിയുടെ ഏതോ തീരത്തു മറന്നു  വെച്ചതാണ്
ശബ്ദം .അതിന്റെ ജീവന്റെ തുടിപ്പില്‍
യുകാലി   മരങ്ങളുടെ ഇടയില്‍ നിന്ന്
ഇണയെ തേടി കരയുന്ന ഏതോ പക്ഷിയുടെ
വികാരര്‍ദ്രമായ ഈണം ..
അതെന്നിലെ  ഏകാന്തതയെ വിളിച്ചുണര്‍ത്തി ചേര്‍ത്ത് നിര്‍ത്തി ...
പിടഞ്ഞു വലിയുന്ന ആത്മ ദാഹത്തിന്റെ താളം ..
തുടിക്കുന്ന ഒരു നോട്ടത്തിന്റെ ചൂടില്‍ .മുക്കി
നെര്‍മയേറിയ ഒരു സ്പര്‍ശത്തിന്റെ സ്വാന്തനം നല്‍കി
അറിയാതെ വീശിയ ഒരു കുഞ്ഞു കാറ്റിന്റെ
കൈതട്ടി ഒന്നിന് പുറകെ ഒന്നായീ
താളങ്ങള്‍ ചേര്‍ത്ത് ..ശബ്ദിക്കുന്ന   തംബുരു പോലെ
എന്നെ പൊതിഞ്ഞു 
സ്നേഹാര്‍ദ്രമായ ആ ശബ്ദം ..
എവിടെ ആണിത് കേട്ട് മറന്നത്   ...?

Friday, May 4, 2012

അപരിചിതന്‍



നടവഴിയുടെ ഓരോരത്ത് ...
കാട്ടുചെമ്പകം നിഴലുകള്‍ തീര്‍ത്ത ഇടവഴിയില്‍  
ഉള്ളില്‍ എന്തോ ചിക്കിചിതഞ്ഞു
കാല്‍ വിരലുകളില്‍  കണ്ണുകള്‍ കൊരുത്
അപരിചിതത്വത്തിന്റെ നോട്ടവും പേറി
അയാള്‍ ...
ഊര്‍ന്നു വീണ മുടിയിഴകളില്‍ കാലം നല്‍കിയ
വെളുപ്പിന്റെ നിറവ്‌  ....
ജരകയറീ   തേഞ്ഞ കൈവിരലുകളില്‍
ഊട്ടി ഉറക്കിയ ആരുടെ ഒക്കയോ ...
നന്ദികേടിന്റെ പ്രഹരം പോലെ ചുളിവുകള്‍ ...
യാത്ര പറയാന്‍ കാത്തു നില്‍ക്കുന്ന ആദ്യവരി
പല്ലുകള്‍ ഒരു കൊഴിഞ്ഞ  സശശവത്തിന്റെ 
ഓര്‍മ്മപ്പെടുത്തല്‍ പോലെ ... 
   
അസ്തമനത്തിന്റെ അന്ത്യ കിരണങ്ങളെ 
ഭയത്തോടെ നോക്കുന്ന കണ്ണുകളില്‍ 
വിശപ്പിന്റെ ..വേദനയുടെ ...
ഉപേക്ഷികപെട്ടവന്റെ... ഒറ്റപ്പെടലിന്റെ..നൊമ്പരം ..?
ഉള്ളില്‍ ഒരു അറിയാതെ ഒരു നോവ് നിറച്ചു .....!!
ഏകാന്തത യുടെ തുരുത്തില്‍ കൂനിക്കൂടി ആ അപരിചിതന്‍ ..!!

Thursday, March 22, 2012

ചിലന്തി ..



പുലരിയുടെ ആദ്യ പകുതിയില്‍ തുടങ്ങിയ
നെയ്ത്തിന്റെ അവസാന പകുതിയില്‍
നിര്‍ത്തി വലയുടെ മനോഹരിതയില്‍ ലയിച്ചു  ...
ഒരു കോണില്‍ ആഹാരത്തിന്റെ ആഗമനം
കാത്തിരുന്ന ചിലന്തിയുടെ തപസ്സിനു
വിരാമം ഇട്ടു മാമ്പൂവില്‍ കൂനി കൂടിയിരുന്നു
ദിവാസ്വപ്നം കണ്ടു രസിച്ച കൂനന്‍ ഉറുമ്പിന്റെ
പതനം ....!!!

രക്ഷപെടാന്‍ അവസാന മാര്‍ഗം തിരഞ്ഞു
പിടയവെ ..കുരുക്കില്‍ നിന്നും കുരുക്കിലേക്ക് ....!!
മരണത്തിന്റെ ചിലന്തികൈകള്‍ കാത്തു നിസ്സഹായതയില്‍
നിമിഷങ്ങള്‍ ഇഴയവെ..കനിവിന്റെ കണ്ണി പോലെ ...     
മേഘ ശിഖരത്തില്‍ നിനും
ഒരു മഴതുള്ളി പൊഴിഞ്ഞു ..................!!!


കുരുക്കില്‍ നിന്നും വിടുതല്‍ നേടാന്‍  കിണഞ്ഞു
പരിശ്രമിച്ചു തളര്‍ന്നു മരണത്തെ കാത്തു കിടന്ന
കൂനന്‍ ഉറുമ്പിന്റെ പ്രതീക്ഷകളില്‍
സ്വാന്തനത്തിന്റെ തുള്ളി മഴകുഞ്ഞിനെ ..
നല്‍കി മേഘം  കരുണ കാട്ടിയ നിമിഷം.... !!

വലയുടെ പിടയില്‍  നിന്നും വിടുതല്‍ കിട്ടി
താഴോട്ട്  പതിച്ച ആഹാരത്തിന്റെ അവസാന
പ്രതീക്ഷയെ പിന്തള്ളി വലയെ വിഴുങ്ങി
വിസപ്പിന്റെ അഗ്നിയെ ദഹിപ്പിച്ചു .....
ചിലന്തിയുടെ യാത്ര അടുത്ത ഇരയെത്തേടി ...



Saturday, March 3, 2012

നീ ...!!



എന്റെ ഉള്ളില്‍  നീ അഗ്നിയായ് എരിഞ്ഞതറിയാതെ
നീ  അഗ്നിയെ തിരഞ്ഞു അലയുകയായിരുന്നു ...!!

എന്റെ കവിതകളില്‍ നീ വരികളായ് ഒഴുകിയതറിയാതെ
നീ കവിത തേടി ഉഴലുകയായിരുന്നു  ...!!

എന്റെ ആത്മാവില്‍  നീ കുരുങ്ങിയപ്പോള്‍
നീ തിരക്കുകളില്‍ കുരുങ്ങി കിടക്കുകയായിരുന്നു ...!!

എന്റെ സ്വപ്നങ്ങള്‍ക്ക്   നീ കൂട്ടായതറിയാതെ..   
നീ നിന്റെ സ്വപ്നങ്ങള്‍ക്ക് ഇണയെ തേടുകയായിരുന്നു ...

നീ നിന്നെ അനേഷിച്ചുനടന്ന വഴികളില്‍
ഞാന്‍ നിന്റെ നിഴലായത് നീ അറിഞ്ഞില്ല...!!
 
നീയൊരു മിന്നല്‍ പിണരായീ..
സബ്ദ മുഖരിതമായ ഒരു മഴയുടെ ആദ്യ താളമായീ
അനേകം പുല്‍ നാമ്പുകളിലേക്ക് പെയ്തിറങ്ങിയപ്പോള്‍
ഞാന്‍  നിന്നെ കാത്തു മരുഭൂമിയുടെ മാറില്‍ വരണ്ട് ഉണങ്ങുകയയിരുന്നു....     
    
നിന്റെ  ഓര്‍മകള്‍ക്ക് മുകളില്‍
കറുത്ത  മേഘങ്ങളുടെ   അകമ്പടി ...
പെയ്യാതെ എന്നില്‍ നീ ഒടുങ്ങിയ നിമിഷങ്ങള്‍ക്ക്
സാക്ഷിയായീ നിലാവും ഞാനും!!

Thursday, February 23, 2012

ആരോ ഒരാള്‍ ....




കണ്ണുകള്‍ എത്തുന്ന ദൂരത്തില്‍...
കാല്ച്ചുവടിന്റെ പിന്നാം പുറത്ത്‌...
നിശ്വാസ വേഗം  പിന്‍കഴുത്തില്‍ തട്ടുന്ന
അത്ര അടുത്ത് ആരോ ഒരാള്‍...!!

കരിയിലകള്‍ ഞെരിയുന്ന താള ത്തിനോടുവില്‍
 ഇലത്തുമ്പില്‍ ഉറഞ്ഞു ചേര്‍ന്ന  മഞ്ഞുതുള്ളിയുടെ
തണുപ്പുള്ള സ്പര്‍ശം ...
കാട്ടുപൂക്കള്‍ വിരിയുന്ന ഗന്ധം ....
ഇടയ്ക്കയുടെ താളത്തിനൊപ്പം നില്‍ക്കുന്ന
ഹൃദയ തുടിപ്പ് ....എന്നെ ഒപ്പം ചേര്‍ത്ത്
തിരിഞ്ഞു നടന്ന ആ ആള്‍ ആരാണ് ..?

അതിരില്ലാതെ  നിറയുന്ന വാക്കിന്റെ പെയ്തില്‍ ...
ഉറയില്ലാതെ ഇഴയുന്ന സ്വപനത്തിന്റെ ചാരുത...!!
കടലിന്റെ അഗാധതയിലേക്ക് മുങ്ങുന്ന
എന്റെ ബോധതാളങ്ങളുടെ ....
അന്ത്യ നിമിഷത്തില്‍ എന്നെ താങ്ങിയ
കരങ്ങലില്‍ ഒരു തൂവലിന്റെ  സ്നേഹലാളനം  ....
ആരാകും ...???????

Tuesday, January 17, 2012

കൃഷ്ണദാസ്‌ നീ എവിടെയാണ്..!!


കരച്ചില്‍ തുളുമ്പുന്ന കണ്ണുകളും
മെല്ലിച്ചു ഇരുനിരമാര്‍ന്ന ദേഹത്തില്‍
ചേര്‍ത്ത് പിടിച്ച പുറംചട്ട പിഞ്ഞിയ
പുസ്തകവുമായീ   ദാസ്‌ എന്റെ
മനസ്സിന്റെ കോണില്‍ പുറം ചാരിനില്‍ക്കുകയാണ് ..

കറുത്ത കരയുള്ള മുണ്ടിന്റെ
കോന്തല ഇടതു കയ്യില്‍ തെരുപ്പിടിച്ചു
 അപരിചിതത്വത്തിന്റെ
നോട്ടവും പേറി വാതില്‍പടികടന്നു വന്ന
ആ അവസാന നാളും    ഉള്ളില്‍ പിടയലായീ അവശേഷിക്കുന്നു ...

ദാസ്‌ .. എവിടെ ആയിരുന്നു ..?
മറുപടി ആയീ കിട്ടിയ ശൂന്യത നിറഞ്ഞ നോട്ടത്തില്‍
ഒന്നും നേടാന്‍ ആയില്ല എന്ന വിഹ്വലത ആയിരുന്നോ
തുടിച്ചു നിന്നത്  ..?

കളിവാക്കു കൊണ്ടുപോലും    
കരയിച്ചിട്ടില്ലാത്ത കളിക്കൂട്ടുകാരന്‍.....
അക്ഷരങ്ങളുടെ ആദ്യലോകതേക്ക്‌  ഒന്നിച്ചു നടന്നവര്‍ ..
തെറ്റി വരുന്ന മഴയുടെ കീഴില്‍ ...
ഇലക്കുട പിടിക്കാന്‍ ആദ്യം പഠിപ്പിച്ചവന്‍ ...
കാറ്റിനോട് കെഞ്ചി നാട്ടുമാങ്ങ വീഴ്ത്തി..
കൂട്ടുകാരെ തോല്‍പ്പിച്ച വന്‍...

എന്തേ..? അവസാനം യാത്ര പറഞ്ഞപ്പോള്‍ ...
നിന്റെ കുറും പിന്റെ  കൂട്ട് പിടിക്കാന്‍ ...
നിന്റെ ചിലങ്കകള്‍ കിലുങ്ങുന്നത് കേള്‍ക്കാന്‍...
ഇനി ഞാന്‍  ഇല്ല എന്നൊരു വാക്ക്
പറയാന്‍ മറന്നത് ..?

കൃഷ്ണദാസ്‌ നീ എവിടെയാണ്..?
അവിടെയും  കാറ്റുപോയ സൈക്കിള്‍
നോക്കി നീ നിസ്സഹായനായീ നില്‍ക്കാറുണ്ടോ  .?
മഴയത്ത് ചെമ്പിലകുട ചൂടാറുണ്ടോ ..?
തൊട്ടാവാടിയില്‍    പറ്റുന്ന വാലന്‍ തുമ്പിയെ...
ഈര്‍ക്കില്‍  വലയത്തില്‍ കുരുക്കാറുണ്ടോ..?
കളിപന്തുതട്ടിയെറിഞ്ഞു തോറ്റുപോയ
ദേഷ്യം  തീര്‍ക്കാറുണ്ടോ ..?
ഇപ്പോഴും കരച്ചിലിന്റെ ശബ്ദം നിന്നെ അസ്വസ്ഥന്‍ആക്കാറുണ്ടോ ?

വേര്‍പെടാന്‍ വെമ്പി നില്‍ക്കുന്ന താളുകളുള്ള
ഏതു പുസ്തകത്തിലാണ് മാനം കാണാതെ പെറ്റു പെരുകുന്ന 
ആ മയില്‍ പീലി  നീ ഒളിപ്പിച്ചതെന്നു ഓര്‍മയുടെ താളുകളില്‍
ഇപ്പോഴും ഞാന്‍ തിരയുകയാണ് .....!!
 
  


 Dedicated to my childhood friend Das who commited suicide in his teen age

Friday, January 6, 2012

അഗ്നിശുദ്ധി...!!



ഞാന്‍ എരിയുകയാണ്‌...
പിറവിയുടെ വേദനയില്‍  ഹവിസ്സ് ചേര്‍ത്ത്
കവിതകളില്‍ അഗ്നി ജ്വലിപ്പിച്ച്
പിന്‍വിളി കേള്‍ക്കാതെ
പിടയുന്ന മനസ്സിനെ  ആത്മ രോഷത്തില്‍ തടവിലിട്ടു
അഗ്നിയുടെ മാറില്‍ മുഖം ഒളിപ്പിച്ചു
ഞാന്‍ തീകുടിക്കുകയാണ്....

എന്റെ ആത്മാവിനെ വിഴുങ്ങി വിശപ്പടുക്കുന്ന
 അഗ്നി നാളങ്ങള്‍ സാക്ഷി ....
ആ ചിതയില്‍ എരിയുന്ന എന്റെ പഴകി ദ്രവിച്ച
ശരീരത്തിന്റെ ഉള്ളില്‍ പുനര്‍ജനി തേടുന്ന
 ഒരു മനസ്സുണ്ട്...!!!
ഉറുമ്പരിച്ചു ഹോമ ദ്രവ്യങ്ങള്‍ വീണു നനഞ്ഞ
ഭൂമിയില്‍ ഉയിരുതെടി പറന്നലഞ്ഞ ഒരു ഈയം പാറ്റയുടെ
അകാലത്തില്‍ മുറിഞ്ഞകന്ന   ചിറകുകള്‍ പോലെ ....
ഉത്തരങ്ങള്‍ ഇല്ലാത്ത ചോദ്യങ്ങള്‍
അഗ്നിജ്വാലകളില്‍ അന്ത്യ വിധി തേടുമ്പോള്‍
എന്റെ ഉള്ളില്‍ പുകമണം ഉയരുന്നു
ഞാന്‍ അഗ്നിശുദ്ധി നേടി
മണ്ണ് ആയീ  മാറുന്നു....