Wednesday, March 30, 2011

നേര്‍ രേഖകള്‍

അവര്‍ നേര്‍രേഖകള്‍ ആയിരുന്നു
അവന്‍ പറയാന്‍ തുടങ്ങുന്നത്‌
അവള്‍ പറയുകയും...
അവന്‍ ചിന്തിക്കുന്നത്‌
അവള്‍ അറിയുകയും
ചെയ്തിരുന്നു.....

ഒരു പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും
ചെയ്യുന്ന രണ്ടു സമാന്തര രേഖകള്‍ കൂട്ടി മുട്ടില്ല
എന്ന അവളുടെ ആവലതിക്ക്‌ ഒരു കണ്ണിറുക്കി ചിരിയില്‍
അവന്‍ പരിഹാരം കണ്ടിരുന്നു..

അവയുടെ  സാമ്യം എന്നെ  പലപ്പോഴും
അത്ഭുതപ്പെടുത്തി..
കണ്ടുമുട്ടാന്‍ ആഗ്രഹിച്ചപ്പോഴോക്കേ അവയുടെ
വളവുകളില്ലാത്ത ചുളിവുകള്‍ ഇല്ലാത്ത
സാമ്യം  വഴി മുടക്കി ...

കാലത്തിന്ടെ വീടവുണ്ടാക്കിയ അകലത്തില്‍
കണ്ണുകള്‍ നിറഞ്ഞപ്പോള്‍...

കൈകള്‍ കോര്‍ക്കാന്‍ കഴിയാതെ പോയ നേര്‍ രേഖകള്‍....

ചിന്തകളുടെ സാമ്യം...
ചിത ആയീ തീര്‍ന്നപ്പോള്‍ വെന്ത് ഉരുകി

അവര്‍ വളയാന്‍ തുടങ്ങി..
വളഞ്ഞു വളഞ്ഞു അവര്‍
നേര്‍ രേഖകള്‍ അല്ലാതെ ആയീ....

Wednesday, March 9, 2011

മനസ്സ്


 
 
പിടിതരാതെ മൂലയില്‍ പമ്മുന്ന മൂന്നു 
വയസ്സുകാരന്റെ വികൃതി പോലെ ...
 
പൂത്ത കാടിന്റെ മണം പോലെ..
 
ആഴത്തിന്‍ മുകളിലായ് ശാന്തത തീര്‍ക്കുന്ന    
ആഴി തന്‍ ചുഴിയുടെ ആഴം പോലെ.
 
നിശബ്ദത തളംകെട്ടിയ
നിശയുടെ അന്ത്യയാമം പോലെ..
 
അനന്തമായ   ആകാശത്തിന്റെ    
അവസാനം പോലെ ....
 
ആര്‍ക്കും പിടികൊടുക്കാതെ ...
 
അദൃശ്യമായീ    പിന്തുടരുന്ന മരണത്തിന്റെ 
ദൂതനെ  പോലെ ....     
മനസ്സ്......
ഉത്തരം കിട്ടാത്ത ഒരു ചോദ്യം പോലെ ...?

Saturday, March 5, 2011

നിനക്ക് വേണ്ടി ...




എന്റെ കാവികുപ്പായം ഞാന്‍ അഴിച്ചു വച്ചത് 
നിനക്ക് വേണ്ടിയായിരുന്നു ..
കറുത്ത പകലുകള്‍ ചായം ചാലിച്ച്‌ വെളുപ്പിച്ചതും
കാറ്റിന്റെ കയ്യില്‍ പുരണ്ട ചോരമണം മാറാന്‍  
കസ്തുരി മുക്കി വച്ചതും നിനക്ക് വേണ്ടി..
നിന്റെ കണ്ണുകളുടെ ചുവപ്പില്‍ മൂവന്തി
കരഞ്ഞപ്പോള്‍ കൈവിടാതെ  ...കൂടെ നിന്നതും
നരിച്ചീറുകള്‍ സ്വന്തമാക്കിയ ആ  പഴമയുടെ കൊട്ടാരം
തകരാതെ കാത്തു സൂക്ഷിച്ചതും നിനക്ക് വേണ്ടി..
എന്നിട്ടും ...എന്തേ..? 

എന്റെ പകലുകളുടെ ദൈന്യതയാര്‍ന്ന കണ്ണുകള്‍ 
നീ കണ്ടില്ല എന്ന് നടിച്ചു...??
എന്റെ വാക്കിന്റെ  തണലില്‍ നിന്ന് നീ ഓടി ഒളിച്ചു  ..?
എന്റെ വിലക്കിന്റെ അവസാന ശ്വാസവും 
നിന്റെ കൈകളില്‍ പിടഞ്ഞു തീര്‍ന്നു..   
നിന്റെ വാക്കുകളില്‍ ശൂന്യത മണക്കുന്നു ..
നിന്റെ നോട്ടത്തില്‍ കഴുകന്‍മാര്‍  പറക്കുന്നു
നിന്റെ വാക്കുകളില്‍ തേരട്ട ഇഴയുന്നു ..
നിന്നില്‍ ഞാന്‍ മരിക്കുന്നു ...???????